ലാഹോർ: പാക്കിസ്ഥാനിലെ വൻ നഗരമായ ലാഹോറിലെ ഒരു ക്രൈസ്തവ സെമിത്തേരിയിൽ നിരവധി ക്രൈസ്തവരെ ക്രൂരമായി ആക്രമിക്കുകയും ശവക്കല്ലറകൾ തകർക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാഹോറിലെ ആസിഫ് ടൗണിൽ ഏപ്രിൽ 18നാണ് സംഭവം.
സെമിത്തേരി കാവൽക്കാരന്റെ മകനെ കുത്തിപ്പരിക്കേൽപിച്ച അക്രമിസംഘം അവിടെ പ്രാർഥിച്ചിരുന്ന സ്ത്രീകളെ മർദിക്കുകയും അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. കല്ലറകൾ തകർക്കുകയും കുരിശുകൾ നശിപ്പിക്കുകയും ചെയ്ത അക്രമികളുടെ പേരിൽ കേസെടുത്തെന്നു പോലീസ് പറഞ്ഞു.
അക്രമത്തിൽ പങ്കാളികളായ ഒന്പതുപേരുടെ പേരിൽ വധശ്രമം, ലൈംഗികാതിക്രമം, മതപരമായി പ്രാധാന്യമുള്ള സ്ഥലം നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. സെമിത്തേരി സന്ദർശിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
വിവേചനത്തിന്റെയും അക്രമത്തിന്റെയും ഇരകളായ പാക്കിസ്ഥാനി ക്രൈസ്തവർക്ക് നിയമസഹായം നൽകുന്ന വോയിസ് സൊസൈറ്റിയാണ് കേസുമായി മുന്നോട്ടുപോകുന്നത്.